ജില്ലയെക്കുറിച്ച്
കേരളത്തിലെ പതിനാലു ജില്ലകളില്‍ തീര ദേശമില്ലാത്ത ഒരു ജില്ലയാണ് പാലക്കാട്. 32 മുതല്‍ 40 കീലോമീറ്റര്‍ വിസ്തൃതിയുളള പാലക്കാട് ചുരമാണ് കേരളത്തിന്റെ കവാടം. ഭൂമിശാസ്ത്രപരമായും ചരിത്രപരമായും വിദ്യാഭ്യാസപരമായും വിനോദ സഞ്ചാരപരമായും കൂടാതെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിലും വിപുലവും വിസ്തൃതവുമായ സമീപനമാണ് ജില്ല കാഴ്ചവയ്ക്കുന്നത്. പാലക്കാട് ജില്ലയുടെ പ്രധാനമായ സാമ്പത്തിക രംഗം കൃഷിയാണ്. ആയതിനാല്‍ കേരളത്തിന്റെ കലവറ എന്ന വിശേഷണം ജില്ലയ്ക്കുണ്ട്. മറ്റു ജില്ലകളില്‍ നിന്നു വ്യത്യസ്തമായി ധാരാളം കരിമ്പനകള്‍ ഉളളതിനാല്‍ കരിമ്പനകളുടെ നാട് എന്നുകൂടി വിശേഷിപ്പിക്കുന്നു.
പാലക്കാട്, പെരിന്തല്‍മണ്ണ, പൊന്നാനി, ഒറ്റപ്പാലം, ആലത്തൂര്‍, ചിറ്റൂര്‍ എന്നീ പ്രദേശങ്ങള്‍ ഒന്നിചു ചേര്‍ത്തി പാലക്കാട് ജില്ല രൂപീകൃതമായത് 1957 ജനുവരി 1-ാം തീയതിയാണ്. പിന്നീട് 1969 ജൂണ്‍ 16-ാം തീയതി മലപ്പുറം ജില്ല രൂപീകൃതമായപ്പോള്‍ പൊന്നാനി താലൂക്കിലെ തൃത്താല ഫര്‍ക്ക പാലക്കാടിനോട് ചേര്‍ത്തും പെരിന്തല്‍മണ്ണ താലൂക്കിലെ മങ്കട ഫര്‍ക്ക, പെരിന്തല്‍മണ്ണ ഫര്‍ക്കയിലെ കര്‍ക്കിടകാംകുന്ന്, ചെത്തല്ലൂര്‍ അംശം എന്നിവ ഒഴികെയുളള പ്രദേശം മലപ്പുറം ജില്ലയോടും ചേര്ക്ക്പ്പെട്ടു. കര്‍ക്കിടകാംകുന്ന്, ചെത്തല്ലൂര്‍ അംശം എന്നിവയില്‍ ഉള്പ്പെമട്ട 19 വില്ലേജുകള്‍ ചേര്‍ത്ത് പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് പുതിയൊരു താലൂക്ക് രൂപീകരിക്കുകയും ചെയ്തു. തൃത്താല ഫര്ക്കയിലുള്പ്പെട്ട വടക്കേക്കാട്, പുന്നയൂര്‍, പുന്നയൂര്‍കുളം എന്നീ വില്ലേജുകള്‍ തൃശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കിനോട് ചേര്ക്ക്പ്പെടുകയും തിരൂര്‍ താലൂക്കിലെ പരുത്തൂര്‍ വില്ലേജ് ഒറ്റപ്പാലം താലൂക്കിനോട് ചേര്ക്ക്പ്പെടുകയും ചെയ്തു. 2013 ല്‍ ഒറ്റപ്പാലം താലൂക്ക് വിഭജിച്ച് പട്ടാമ്പി ആസ്ഥാനമായി ഒരു താലൂക്ക് രൂപീകരിച്ചു.
പാലക്കാട് ജില്ലയില്‍ നിലവില്‍ 2 റവന്യു ഡിവിഷനുകളും 7 താലൂക്കുകളും 157 റവന്യു വില്ലേജുകളുമുണ്ട്. തദ്ദേശ സ്ഥാപനങ്ങളില്‍ 13 ബ്ലോക്ക് പഞ്ചായത്തുകളും 7 നഗരസഭകളും 88 ഗ്രാമീണ പഞ്ചായത്തുകളുമുണ്ട്. ജില്ലയുടെ ആസ്ഥാനം പാലക്കാട് പട്ടണമാണ്. ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം കളക്ടറേറ്റിന് ഒരു കീലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു. ഭരണ ഘടനാ ഭേദഗതി പ്രകാരം പഞ്ചായത്ത് രാജ് സംവിധാനം ജില്ലയില്‍ ത്രിതല പഞ്ചായത്ത് സംവിധാനം നിലവില്‍ വരുകയും ആയതില്‍ മൂന്നാം തലത്തിലെ ജില്ലാ പഞ്ചായത്ത് കാര്യാലയം ജില്ലാ ഭരണ സിരാകേന്ദ്രമായ കളക്ടറേറ്റിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്നു. ജില്ലാ പഞ്ചായത്തിനെ നിയന്ത്രിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും വൈസ് പ്രസിഡന്റും ഉണ്ട്.
ജില്ലാ ഭരണാധികാരിയുടെ ആസ്ഥാനം പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കളക്ടറേറ്റിലാണ്. ജില്ലയിലെ എല്ലാ ഓഫീസുകളുടെയും മേലില്‍ നിയന്ത്രണവും കളക്ടറേറ്റിലെ ജീവനകാരുടെ മേലിലുളള നിയന്ത്രണ ചുമതലയും ജില്ലാ കളക്ടറില്‍ നിക്ഷിപ്തമാണ്. ജില്ലയിലെ ക്രമ സമാധാന പരിപാലനത്തില്‍ ജില്ലാ കളക്ടറേ സഹായിക്കുന്നതിനായി ജില്ലാ പോലീസ് മേധാവിയും ജില്ലയിലെ പദ്ധതി ആസൂത്രണത്തിന്റെയും വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ സഹായത്തിനുമായി ജില്ലാ പഞ്ചായത്ത് കാര്യാലയവും പ്രവര്‍ത്തിക്കുന്നു.
ഓരോ വകുപ്പിന്റെ കീഴില്‍ പ്രവര്ത്തികക്കുന്ന ഓഫീസുകളുടെ കാര്യ നിര്‍വഹണം അതാത് വകുപ്പിന്റെ വിഷയത്തെ ആസ്പദമാക്കിയാണ് നടത്തുന്നത്. ഓരോ ഓഫീസിനും ഓരോ ജില്ലാ മേധാവിയും അദ്ദേഹത്തിനെ സഹായിക്കുന്നതിനായി വിവിധ തസ്തികകളില്‍ പ്രത്യേകം ചുമതലകള്‍ ചാര്‍ത്തപ്പെട്ട വിവിധ ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കുന്നു.
ജില്ലയിലെ ആദ്യത്തെ കളക്ടര്‍ ശ്രീ. കെ.സി ശങ്കരനാരായണന് ഐ.എ.എസ്. ഉം ജില്ലാ പോലീസ് മേധാവി ശ്രീ.ടി.കെ. ഭാസ്ക്കര മാരാര്‍ ഐ.പി.എസ്. ഉം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.വി. വിജയദാസുമാണ്. ജില്ലയിലെ ഇപ്പോഴത്തെ ജില്ലാ കളക്ടര്‍ ശ്രീമതി ഡോ. എസ്.ചിത്ര ഐ എ എസ്. ഉം ജില്ലാ പോലീസ് മേധാവി ശ്രീ. അജിത് കുമാർ ഐ.പി.എസ് ഉം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ യുമാണ്.