ചരിത്രം
ഹ്രസ്വ ചരിത്രവിവരണം
മലബാര്‍ മാന്വലിന്റെ കര്‍ത്താവായ വില്യം ലോഗന്റെ അഭിപ്രായ പ്രകാരം കാഞ്ചിയിലെ പല്ലവ വംശം രണ്ട് അഥവാ മൂന്നാം നൂറ്റാണ്ടില്‍ മലബാര്‍ ആക്രമിക്കപ്പെടുകയും അവരുടെ തലസ്ഥാനങ്ങളില്‍ ഒന്നായ ‘പാലക്കാടാ ‘ ആയിരിക്കാം ഇന്നത്തെ പാലക്കാട് എന്ന് അനുമാനിക്കുന്നു. തെക്കേ ഇന്ത്യയിലെ പല നാട്ടു രാജ വംശങ്ങളും മലബാര്‍ ആക്രമിച്ചിട്ടുളളതാണ്. വളരെ കാലം മലബാര്‍ പെരുമാക്കള്‍ മാരുടെ ഭരണത്തിന് കീഴിലായിരുന്നു. ആ കാലഘട്ടത്തില്‍ ഓരോ പ്രദേശം പ്രബലരായ നാട്ടുരാജാക്കന്മാരുടെ അധീനതയിലായിരുന്നു. പെരുമാക്കള്‍ മാരുടെ ഭരണത്തിനു ശേഷം മലബാര്‍ പ്രദേശം വളളുവനാട്ടിലെ വളളുവക്കോനാതിരി, വേങ്ങുനാട്ടിലെ കൊല്ലക്കോട് രാജാവ്, പാലക്കാടിലെ ശേഖരിവര്‍മ്മ രാജാവ് എന്നീ നാട്ടുരാജാക്കന്മാരുടെ കീഴില്‍ ആയിതീര്‍ന്നു.
1757 ല്‍ കോഴിക്കോടിലെ സാമൂതിരി രാജാവ് പാലക്കാട് ആക്രമിച്ചപ്പോള്‍ പാലക്കാട് രാജാവ് മൈസൂരിലെ ഹൈദരാലിയുടെ സഹായം ആവശ്യപ്പെടുകയും ഹൈദരാലിയുടെ സഹായം ലഭ്യമായതിനാല്‍ സാമൂതിരിയ്ക്ക് മലബാറില്‍ നിന്നും പിന്‍വാങ്ങേണ്ടി വന്നു. സാമൂതിരിയുടെ കൈവശത്തിലിരുന്ന പാലക്കാടിലെ പ്രദേശമടക്കമുളള എല്ലാ പ്രദേശങ്ങളും പീന്നീട് ഹൈദരാലി കീഴ്പ്പെടുത്തി. തന്മൂലം പാലക്കാട് രാജാവ് കൈവശം വച്ചിരുന്ന എല്ലാ പ്രദേശങ്ങളും അങ്ങേഹത്തിന് നഷ്ടപ്പെടുകയും ഹൈദരാലിയുടെയും മകന് ടിപ്പു സുല്‍ത്താന്റെയും കൈവശം എത്തിച്ചേരുകയും ചെയ്തു. ടിപ്പുവും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പിനിയും തമ്മിലുളള മൂന്നാം മൈസൂര്‍ യുദ്ധത്തിനു ശേഷം 1872 ലെ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം ടിപ്പുവിന്റെ കൈവശത്തിലിരുന്ന മലബാര്‍ പ്രദേശം മുഴുവന്‍ ബ്രിട്ടീഷുക്കാര്‍ക്ക് വിട്ടുകൊടുകുകയും മലബാര്‍ പ്രദേശം മദിരാശി പ്രെസഡന്‍സിയ്ക്ക് കീഴില്‍ കൂട്ടി ചേര്‍ക്കുകയും ചെയ്തു.
1947 ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിച്ചതിനെ തുടര്‍ന്നും 1956 ല്‍ ഐക്യകേരളം നിലവില്‍ വരുകയും ചെയ്തതിനെ തുടര്‍ന്ന് മദിരാശി പ്രെസഡന്‍സിയ്ക്ക് കീഴില്‍ ഉണ്ടായിരുന്ന മലബാര്‍ പ്രദേശം ഭാഷാടിസ്ഥാനത്തില്‍ കേരളത്തോട് ചേര്‍ക്കപ്പെടു.
പാലക്കാട്, പെരിന്തല്‍മണ്ണ, പൊന്നാനി, ഒറ്റപ്പാലം, ആലത്തൂര്‍, ചിറ്റൂര്‍ എന്നീ പ്രദേശങ്ങള്‍ ഒന്നിചു ചേര്‍ത്തി പാലക്കാട് ജില്ല രൂപീകൃതമായത് 1957 ജനുവരി 1-ാം തീയതിയാണ്. പിന്നീട് 1969 ജൂണ്‍ 16-ാം തീയതി മലപ്പുറം ജില്ല രൂപീകൃതമായപ്പോള്‍ പൊന്നാനി താലൂക്കിലെ തൃത്താല ഫര്‍ക്ക പാലക്കാടിനോട് ചേര്‍ത്തും പെരിന്തല്‍മണ്ണ താലൂക്കിലെ മങ്കട ഫര്‍ക്ക, പെരിന്തല്‍മണ്ണ ഫര്‍ക്കയിലെ കര്‍ക്കിടകാംകുന്ന്, ചെത്തല്ലൂര്‍ അംശം എന്നിവ ഒഴികെയുളള പ്രദേശം മലപ്പുറം ജില്ലയോടും ചേര്‍ക്കപ്പെട്ടു. കര്‍ക്കിടകാംകുന്ന്, ചെത്തല്ലൂര്‍ അംശം എന്നിവയില്‍ ഉള്‍പ്പെട്ട 19 വില്ലേജുകള്‍ ചേര്‍ത്ത് പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് പുതിയൊരു താലൂക്ക് രൂപീകരിക്കുകയും ചെയ്തു. തൃത്താല ഫര്ക്കയിലുള്പ്പെട്ട വടക്കേക്കാട്, പുന്നയൂര്‍, പുന്നയൂര്‍കുളം എന്നീ വില്ലേജുകള്‍ തൃശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കിനോട് ചേര്‍ക്കപ്പെടുകയും തിരൂര്‍ താലൂക്കിലെ പരുത്തൂര്‍ വില്ലേജ് ഒറ്റപ്പാലം താലൂക്കിനോട് ചേര്ക്കപ്പെടുകയുെ ചെയ്തു. 2013 ല്‍ ഒറ്റപ്പാലം താലൂക്ക് വിഭജിച്ച് പട്ടാമ്പി ആസ്ഥാനമായി ഒരു താലൂക്ക് രൂപീകരിച്ചു.